ആദിഗൗരി ഭാഗം 7

#ആദിഗൗരി_7

ഓരോ നിമിഷവും കൂടുംതോറും അവളുടെ കരച്ചിലിന് ആക്കം കൂടിവന്നു. ഞാൻ ഓടി പോയി വാ പൊത്തി. അത്രക്കും ഉറക്കെയാണ് അവള് കാറുന്നേ….

ഞാനിങ്ങനെ വാ പൊത്തി നിൽക്കുന്നത് അവൾ‌ തട്ടി മാറ്റാൻ ശ്രമിക്കുമ്പോഴാണ് വാതിൽ തളളിത്തുറന്ന് അച്ഛനും അമ്മയും അകത്തോട്ടു വന്നത്.

“ആദി….നീ എന്താ ഗൗരി മോളേ ചെയ്തത്????”

“ഞാൻ എന്ത് ചെയ്യാൻ….അയ്യോ ഞാൻ ഒന്നും ചെയ്തിട്ടില്ല…”

“എന്ത് പറ്റി മോളേ…”

അമ്മ ചോദിച്ചതും അവൾ എന്നെ കണ്ണുരുട്ടി നോക്കി…ഞാൻ ദയനീയമായി പറയല്ലെന്ന് ആംഗ്യം കാണിച്ചു.

“അത് അമ്മെ ഞാൻ പെട്ടന്ന് കിടന്നപ്പോൾ….”

“ഹോ….രക്ഷപെട്ടു” ഞാൻ മനസ്സിൽ പറഞ്ഞു

“എന്നിട്ടെന്തുണ്ടായി മോളേ”

“ഞാൻ ബെഡിൽ കിടന്നതും ഇൗ ആദി എന്നെ വലിച്ച് താഴെ ഇട്ടു”

എടീ മഹാപാപി….നിന്നെ വിശ്വസിച്ച എനിക്ക് ഇത് തന്നെ കിട്ടണം. ഒന്ന് ആലോചിക്കാൻ പോലും സമയം തരാതെ അമ്മ എന്റെ ചെവിക്കു പിടിച്ചു…

“അമ്മെ ഞാൻ അങ്ങനെ ചെയ്തതല്ല…അറിയാതെ പറ്റിപോയതാ…”

“വസൂ നീ അവന്റെ ചെവിക്ക് പിടിക്കാൻ നിൽക്കാതെ മോളേ പോയി നോക്ക്”

അച്ഛൻ പറഞ്ഞത് നന്നായി. അല്ലേൽ അമ്മ എന്റെ ചെവി കല്ലാക്കിയെനെ…ഓരോന്ന് ആലോചിച്ച് നിന്നപ്പൊഴാണ് അമ്മ ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തുവരാൻ പറഞ്ഞത്.

വേദന കൊണ്ടാണെന്ന് തോന്നുന്നു അമ്മ ബേറ്റാഡിൻ പുരട്ടുമ്പോളൊക്കെ അവൾ അടുത്ത് നിന്ന എന്റെ കൈ മുറുകെ പിടിച്ചു. ഗൗരിക്ക് വേദന കൂടി വരുമ്പോൾ എനിക്കും വേദനയായിരുന്നു.

വേറൊന്നും കൊണ്ടല്ല ആ കുട്ടിപിശാച് കയ്യിലെ മുഴുവൻ നഖങ്ങൾ കൊണ്ട് എന്റെ കയ്യിൽ അമർത്തികൊണ്ടെയിരുന്നൂ. ഒന്നും പറയാൻ നിന്നില്ല കാരണം ഇത് വരുത്തിവച്ചത് ഞാൻ തന്നെ അല്ലെ…

അമ്മ മുറിവോക്കെ നന്നായി കെട്ടികൊടുത്തൂ. അവളെ താങ്ങി പിടിച്ച് ബെഡിലും ഇരുത്തി.

അവർ രണ്ടുപേരും അവളോട് പറഞ്ഞ് പോകാൻ തിരിഞ്ഞു അതെ സ്പീഡിൽ തിരിച്ചും തിരിഞ്ഞു.

****
പോകാൻ നിന്ന അച്ഛനും അമ്മയും ഒറ്റ തിരിച്ചൽ ആയിരുന്നു. അമ്മ എന്നെ ദഹിപ്പിക്കുന്ന തരത്തിൽ ഒരു നോട്ടം നോക്കി. ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല.

പിന്നീടാണ് മനസ്സിലായത് സോഫയിൽ വിരിയും തലയിണയും കണ്ടിട്ടാണെന്ന്. അമ്മ എന്നെയും ആദിയേയും പിന്നെ സോഫയിലേക്കും മാറി മാറി നോക്കി.

“നിങ്ങൾ….
വേണ്ട ഞാൻ ഒന്നും പറയുന്നില്ല. വരൂ ഏട്ടാ എന്ത് കാണാൻ നിക്കാ…”

ഇത് വരെ ഒരു നോട്ടം കൊണ്ട് പോലും അമ്മയെന്നെ വേദനിപ്പിക്കുകയോ വഴക്കുപറയുകയോ ചെയ്തട്ടില്ല. എന്നാല് ഇന്ന്….

ശരിക്കും എനിക്ക് വിഷമമായി…ആദി പിന്നീട് ഒന്നും മിണ്ടാതെ പോയി കിടന്നു. ഞാനും ഉറങ്ങിപ്പോയി…

രാവിലെ മടിച്ച് മടിച്ചാണ് അടുക്കളയിൽ ചെന്നത്.അമ്മ തിരക്കിലായിരുന്നു.പ്രതീക്ഷിച്ചത് പോലെ ഒന്നും തന്നെ ഉണ്ടായില്ല…അമ്മ വളരെ കൂൾ ആയിരുന്നു. എല്ലാ ദിവസവും ഉള്ളതു പോലെ സംസാരിച്ചു.

അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. എന്നാലും കുറച്ച് ഉപദേശങ്ങൾ ഒക്കെ കിട്ടിട്ടോ….ആദിക്കും കിട്ടി അച്ചന്റെന്ന്.

പ്രാതൽ കഴിച്ചു കഴിഞ്ഞ് ഞങൾ രണ്ടുപേരും ഒരുമിച്ച് ഇറങ്ങി.

*****

വൈകീട്ട് വീട്ടിൽ എത്തിയപ്പോൾ ആകെ ഒരു പന്തി കേട്. ഗൗരിയെ നോക്കിയപ്പോൾ ആൾ എത്തിയിട്ടില്ല.

നേരെ റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും അവളും എത്തിയിരുന്നു. പിന്നെ ആകെ ബഹളമയം ആയി. രാവിലെ ഇറങ്ങിയത് തൊട്ട് തിരിച്ച് ഇവിടെ എത്തിയത് വരെയുള്ള കാര്യങ്ങള് വള്ളി പുള്ളി തെറ്റാതെ അമ്മയെ പറഞ്ഞ് കേൾപ്പികുന്നുണ്ട്.

അമ്മ എല്ലാം കേട്ട് ചിരിക്കുന്നു കളിക്കുന്നു…. ഓഹ്‌ ചിരിക്കുന്നത് കാണുമ്പോൾ തോന്നും നല്ല ക്ലാസ്സ് കോമഡി ആണെന്ന് പക്ഷേ നല്ല കട്ട ചളി പറഞ്ഞാണ് അമ്മായിയമ്മയും മരുമോളും ചിരിക്കുന്നത്.

അത്താഴം കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ അവിടെ എന്തോ മിസ്സിങ് ഉള്ള പോലെ….പോലെ അല്ല മിസ്സിംഗ് തന്നെ.

റൂമിൽ നിന്നും സോഫ എടുത്തോണ്ട് പോയിട്ടുണ്ട്. അമ്മ എന്തേലും പണി തരുമെന്ന് ഇന്നലത്തെ നോട്ടം കണ്ടപ്പോൾ തോന്നി…എന്നാലിത്രക്ക് പ്രതീക്ഷിച്ചില്ല.ഇനിയിപ്പോ ഒരു വഴിയും ഇല്ല. ഗൗരിയാണെങ്കിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽപ്പുണ്ട്.

“അതേ എനിക്ക് കിടക്കണം”

“എനിക്കും…പക്ഷേ എങ്ങനെ???”

“ഒരുമിച്ച് ബെഡിൽ കിടക്കല്ലാണ്ട് വേറെ വഴിയില്ല മോളേ…”

“അയ്യോ…തന്റെ കൂടെയോ…”

“അല്ല അപ്പുറത്തെ വീട്ടിലെ ശങ്കരൻ ചേട്ടന്റെ കൂടെ… എന്തേ…..”

“മര്യാദക്ക് സംസാരിച്ചാൽ മതി”

“അല്ലാണ്ട് പിന്നെ ഇതിനൊക്കെ എന്ത് മറുപടിയാ കൊടുക്കുക…”

“ഹും”

“ഞാൻ നിന്നെ പിടിച്ചുത്തിന്നൊന്നുമില്ല പോത്തേ….”

“പോത്ത് നിങ്ങളുടെ കെട്ടിയോള്….”

“ആ അപ്പൊൾ അറിയാംലേ”

വല്ലാത്ത മുതൽ തന്നെ. ദേ ഇപ്പൊ ചാടി തുള്ളി ബെഡിൽ കിടന്നു. ഞാനും മറു സൈഡിൽ കിടന്നു.

ഞാൻ ഒന്ന് ഉറങ്ങി വന്നപ്പോഴേക്കും മേല് എന്തോ തട്ടി. ഞാൻ കുറച്ച് നീങ്ങി കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ദേ പിന്നേം….

അവള് അങ്ങോട്ടുമിങ്ങോട്ടും കറങ്ങികൊണ്ടിരിക്കാ…ഞാൻ അവളുടെ കൈ ഒക്കെ മാറ്റി പിന്നേം കിടന്നു. പക്ഷേ ആ കുരിശ് ഇത് തന്നെ തുടർന്നു. കരുതിക്കൂട്ടി ചെയ്യുന്നതാണെന്നാ തോന്നിയത് എന്നാല് ആൾ നല്ല ഉറക്കത്തിലാണ്.

ഉറങ്ങുന്നത് കണ്ടപ്പോൾ വിളിക്കാനും തോന്നുന്നില്ല….ഞാൻ പിന്നേം സൈഡിൽ ഒതുങ്ങി കിടന്നു…. ആ കിടപ്പ് അതികനേരം നീണ്ടു നിന്നില്ല…ഒരൊറ്റ ചവിട്ടാ…ഞാൻ നിലത്ത് എത്തി.

ദേഷ്യം വന്ന് എഴുനേറ്റു കുറെ വിളിച്ചു. എനീക്കണേ ഇല്ല.അവസാനം കുലുക്കി വിളിച്ചു.

“ഡീ…എഴുന്നേറ്റേ…”

“എന്തെ…”

“എന്തേന്നോ….മനുഷ്യന്മാരെ ചവിട്ടി നിലത്തിട്ടതും പോരാഞ്ഞ് അവളുടെ ഒരു ചോദ്യം എന്തെന്ന്…. ”

“ഞാൻ അങ്ങനെ തന്നെയാ….ആദി…”

അയ്യോടാ…അവളത് പറഞ്ഞുകേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അത്രക്കും ക്യൂട് ആയിരുന്നു മറുപടി. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഞാൻ ചോദിച്ചതിന് ഇത്ര മാന്യമായിട്ടുള്ള മറുപടി.

“അയ്യോ..എന്റെ ഉറക്കവും കളഞ്ഞ് അവള് കാണിക്കുന്നത് കണ്ടില്ലേ…”

“ഞാൻ അപ്പോളേ പറഞ്ഞില്ലേ ഒരുമിച്ച് കിടക്കണ്ടാന്ന്”

“ആ മതി നിർത്ത് വന്ന് കിടക്ക്. ഇനി തിരിയാതെ നോക്ക്…”

ഇനി അവള് സൂക്ഷിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി. പിന്നേം പിന്നേം ഇത് തന്നെ ആവർത്തിച്ചു. അവസാനം സഹികെട്ട് ഞാൻ അവളെ വട്ടം ചുറ്റി പിടിച്ചു. പെട്ടന്ന് അങ്ങിനെ ചെയ്തത് കൊണ്ട് ആൾ ഒന്ന് ഞെട്ടി.

****
ഞാൻ പിന്നേം ഉറക്കത്തിലേക്ക് വീണപ്പോലാണ് ആരോ എന്നെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുന്നു.ഞാൻ ഒന്ന് ഞെട്ടി എഴുന്നേറ്റു.

“എന്നെ മര്യാദക്ക് വിട്ടോ…”

“വിട്ടാൽ നീ അടങ്ങി കിടക്കോ…”

“അത്….”

“ഉറപ്പില്ലാലെ… എന്നാലേ ഒരു തീർപ്പ് ഉണ്ടാകുന്നവരെ ഇങ്ങനെ കിടക്കും…എനിക്ക് ഉറങ്ങണം…കെട്ടോഡീ…ഉണ്ടകണ്ണീ”

ചെ എനിക്ക് ആകെ നാണം വന്നിട്ട് വയ്യ….ആദിയെന്നെ ഒരു കൈ കൊണ്ട് വട്ടം പിടിച്ചാണ് കിടക്കുന്നേ. കുറെ നേരം ഉറക്കം ഇല്ലാതെ കിടന്നു. ചെറിയൊരു പേടി ഒക്കെ ഉണ്ടായിരുന്നു…. എന്നാലും മുമ്പെങ്ങും ഇല്ലാത്ത ഒരു തരം പ്രത്യേക ഫീൽ…. പിന്നീട് എപ്പോളോ…ഉറങ്ങിപ്പോയി….

രാവിലെ എണീറ്റുനോക്കിയപ്പോൾ ഞാൻ ആദിയുടെ കൈക്കുള്ളിൽതന്നെയായിരുന്നൂ.
അല്ലാച്ചാൽ ഞാൻ എനീക്കുമ്പോഴേക്കും ജോഗിങ്നു പോകുന്ന ആളാണ്, ഇന്ന് പക്ഷെ നല്ല സുഖമായി ഉറങ്ങാണ്‌…

രാവിലത്തെ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അച്ഛനും അമ്മക്കും എങ്ങുമില്ലാത്ത ഒരു കള്ളച്ചിരി. ഞങ്ങളെ ഇന്നലെ പെടുത്തിയത്തിന്റെ ആണ്.

“എന്തെ ആദി ഇന്ന് ഓടാൻ പോയില്ലേ…..”

“ഇല്ലമ്മേ….ഉറങ്ങിയപ്പോൾ ലെയ്റ്റ് ആയി”

“ആ അപ്പൊൾ ഇന്നലെ സോഫ എടുത്തോണ്ട് പോയതിനു ഗുണം ഉണ്ടായിലേ വസു….”

എന്റെ ദൈവമേ ഇൗ അച്ഛൻ എന്തൊക്കെയാ പറയുന്നെ….ആദി അച്ഛനെ ഒന്ന് ഇരുത്തി നോക്കിയിട്ട് എണീറ്റ് പോയീ…..ഞാനും പതുക്കെ കഴിച്ചിറങ്ങി.

*****

രാവിലെ തന്നെ അച്ഛൻ നന്നായി തൂക്കി….അവിടെ നിന്നാൽ ഇനിയും കളിയാക്കൽ കേൾക്കേണ്ടി വരുന്നത് കൊണ്ട് ഇന്ന് ലീവ് ആയിരുന്നിട്ട് പോലും ഞാൻ ഓഫീസിൽ പോയി.

കുറച്ച് നേരം തേരാപാരാ നടന്നതിനുശേഷം ഉച്ചക്ക് വീട്ടിലോട്ടു പോന്നു. ഗൗരി ഇല്ലാത്തതുകൊണ്ട് നല്ല സമാധാനമായിട്ട്‌ ഊണ്‌ കഴിച്ച് സുഖമായി കിടന്നുറങ്ങി.

“ആദി….”

“എന്താ അമ്മേ”

“ഞങ്ങള് രണ്ടാളും കൂടി നമ്മുടെ കൃഷ്ണന്റെ അമ്പലത്തിൽ പോയി വരാം”

“മോനെ ഗൗരി വരുമ്പോൾ പറഞ്ഞെക്ക്‌”

“Ok അച്ഛാ….”

അവരു പോയിട്ട് കുറച്ച് കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു വണ്ടി വന്നത് കണ്ട് ഞാൻ ബാൽക്കണിയിൽ ചെന്നുനിന്നൂ.

കുട്ടിപിശാച് ആയിരുന്നു. നല്ല ഹാപ്പി മോഡിൽ ആണ്. അപ്പോഴേക്കും അവിടേക്ക് നമ്മുടെ പരദൂഷണം ശാന്ത ചേച്ചി വന്നു.

“എവിടെ പോയതാ…”

“ഞാൻ ജോലിക്ക് പോയി വരുന്ന വഴിയാ ചേച്ചീ…”

“അതാവുംലെ വസുന്‍റെയും ശേഖരന്റെയും കൂടെ പോകാഞ്ഞത്”

” അവർ ഇവിടില്ലെ…”

“ഇല്ലാ..ഞാൻ വരുന്നവഴിക്ക് അവർ പോകുന്നത് കണ്ടൂ… ”

“ഇവരിതെങ്ങോട്ട്‌ പോയീ… വാതിൽ തുറന്ന് കിടക്കണല്ലോ…ഞാൻ എന്നാ പൊക്കൊട്ടെ ചേച്ചീ…”

തമ്പുരാട്ടിക്ക് ഞാൻ ഇവിടുള്ളത് മനസ്സിലായിട്ടില്ല. എന്തായാലും ഇങ്ങോട്ട് തന്നെയല്ലേ വരവ്.

ഞാൻ ബെഡിൽ കേറിയിരുന്നൂ….അവള് എന്തോ പാട്ടും പാടി ചാടുതുള്ളി ഗോവണി കയറി വരുന്നുണ്ട്. അത് ചവിട്ടി പൊട്ടിക്കാൻ പറ്റുന്ന തരത്തിൽ ആണ് ചാടി ചാടി വരുന്നേ….

എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട് അല്ലാതെ പെണ്ണ് ഇത്ര ഹാപ്പി ആകേണ്ട കാര്യമെന്താ….അല്ലെങ്കിൽ എനിക്ക് എന്തേലും പറ്റണം ഇതിപ്പോ അങ്ങനെയും അല്ല.

എന്തായാലും നല്ല കോമഡി ആയിണ്ട് അവൾക്ക് പറ്റിയ ഒരു പാട്ടും പിന്നെ എവിടെയും കാണാത്ത ഒരു ഡാൻസും.

“എടീ പെണ്ണേ ഫ്രീക് പെണ്ണേ…..
എടീ പെണ്ണേ ഫ്രീക്‌ പെണ്ണേ…..
എന്നുടെ കൂടെ പോന്നാൽ പി…പി…ന്നെ…..”

എന്നെ കണ്ടതും ആ ഉണ്ടക്കണ്ണ്‌ ഇപ്പൊ പുറത്തേയ്ക്ക് ചാടുമെന്നുള്ള രീതിയിലായി…പാട്ട് വിക്കി വിക്കി പോയീ. കക്ഷി ആകെ ചമ്മി നാറിയിട്ടുണ്ട് കാരണം എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ലല്ലോ….

“ബാക്കി എവിടെ????……എന്നുടെ കൂടെ പോന്നാൽ പിന്നെ…പിന്നെ….ബാക്കി പാടടീ…. ഉണ്ടകണ്ണി.”

“നിന്നുടെ കൂടെ പോന്നാൽ പിന്നെ ലൈഫ് ഫുള്ളാ വേസ്റ്റേ അളിയാ…. ”

“ആടീ നിന്റെ കൂടെ കൂടിയത് മുതൽ എന്റെ ലൈഫ് ഫുള്ള്‍ വേസ്റ്റ് തന്നെയാ…”

“രമ്യയുടെ കൂടെ ആയിരുന്നേൽ നല്ല കളർഫുൾ ആയേനെ…ഹി ഹി ഹി….”

“ഡീ പുല്ലേ….നീ കുറെ ആയല്ലോ എന്തിനും ഏതിനും രമ്യയെ വിളിക്കുന്നു. ഇനി മേലാൽ അവളുടെ പേര് ഇവിടെ മിണ്ടിയാൽ നിന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും”

“ഓ….പിന്നെ ഇങ്ങോട്ട് വന്നാൽ മതി ഞാൻ നിന്നു തരാം….ഒന്ന് പോടാ…”

“ഡീ….”

“പിന്നെ….അമ്മയും അച്ഛനും എങ്ങോട്ടാ പോയേ….”

“നീ അത് വിട്….ഇന്ന് എന്തെ ഇത്ര ഹാപ്പി..വല്ലോർക്കും വല്ല പണിയും കൊടുത്താ”

“അതൊക്കെയുണ്ട്…ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം താ….”

“നീ ഞാൻ ചോദിച്ചത് പറ”

“പറ്റില്ല. ഫസ്റ്റ് ഞാനാ ചോദിച്ചത് അപ്പൊൾ എനിക്ക് തന്നെ ആദ്യം ഉത്തരം വേണം”

“ഇതിന് വട്ടാണോ….ഹും…അവർ രണ്ടുപേരും അമ്പലത്തിൽ പോയതാ…ഇനി നീ പറ”

“അതോ…അതൊന്നുമില്ല”

“എന്നോട് പറയാൻ പേടിയാണെങ്കിൽ പറയണ്ട”

“പിന്നേ…തന്നെയൊക്കെ ആര് പേടിക്കാനാ….ഞാനിന്ന് വളരെ ഹാപ്പിയാണ്…..അത്…അത് പിന്നെ….ശ്ശോ നാണം വരുന്നു.എന്റെ ഓഫ്‌സിൽ ഒരു ചുള്ളൻ മാനേജർ ഉണ്ട്.”

“അതിന്”

“അത് അങ്ങേർ ഇന്ന് എന്നെ ഒന്ന് പ്രോപോസ് ചെയ്തു….”

ദൈവമേ….ഇനി അത് ഏത് കുരിശാണ്….ഒരുത്തി ഇപ്പൊ പോയേ ഉള്ളൂ…ഇനി ഇവളും…ഏയ് അങ്ങനൊന്നും ഉണ്ടാകില്ല.

“എന്തെ അങ്ങേര് വല്ല കണ്ണുപോട്ടനോ മറ്റോ ആണോ…”

“അതിനു ഇത്തിരി പുളിക്കും മോനെ…നല്ല ചുള്ളൻ ചെക്കനാ…ഓഫീസിലെ മറ്റുള്ള സ്റ്റാഫ് എല്ലാം പിന്നാലെ നടന്നിട്ടും എന്നെയാ ഇഷ്ടായത്. ദേ വേണേച്ചാൽ ഫോട്ടോ നോക്കിയോക്ക്‌…”

ആദ്യമൊന്നും എനിക്ക് ഒന്നും തോന്നിയില്ല പക്ഷേ അവള് ഫോട്ടോ വരെ കാണിച്ച് തന്നു. ഫോട്ടോയിൽ ഉള്ള പയ്യനാണെൽ നല്ല ഗ്ലാമർ ഉണ്ട്. എനിക്ക് വയ്യ.

*****
എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഒന്ന് കളിച്ചതാ….ഓഫീസിലെ മാനേജർ പ്രോപോസ് ചെയ്തുന്ന് പറഞ്ഞ്. പോരാത്തതിന് ഞാൻ മുന്നേ നോക്കിയിരുന്ന ചേട്ടനില്ലെ അങ്ങേരുടെ ഫോട്ടോ കാണിച്ച് കൊടുത്തു.മണ്ടൻ വിശ്വസിച്ച മട്ടുണ്ട്.

ഓഫ്‌സിലെ പുതിയ പ്രോജക്ട് ഡയറക്ടർ എന്നെ ഏൽപ്പിച്ച സന്തോഷത്തിൽ വന്നതാ…പറയാനായിട്ട് വന്നപ്പോൾ അമ്മയും ഇല്ല ഇവിടെ. അപ്പോഴാ അവന്റെ ഒരു ചോദ്യവും പറച്ചിലും.

എന്തായാലും ഒന്ന് കളിക്കാൻ തന്നെ തീരുമാനിച്ചു….

തുടരും……

പെട്ടെന്ന് എഴുതിയ പാർട്ട് ആണ്. നിങ്ങൾക്ക് ഇഷ്ടപ്പെടുമോയെന്ന് അറിയില്ല. എന്തായാലും അഭിപ്രായങ്ങൾ പറയണേ…… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ…..

Anayush

You may also like...